കോട്ടയം : എക്സൈസിന്റെ മിന്നൽ പരിശോധന. നാട്ടകത്ത് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. പത്തിൽവീട്ടിൽ താരിഫ് പി എസ് (20) നെയാണ് എക്സൈസ് പിടികൂടിയത്.
യുവാക്കളെയും കൗമാരക്കാരെയും ലക്ഷ്യം വെച്ച് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് വേളൂർ ഗ്രാമീൺ ചിറ ബൈപ്പാസിൽ വച്ച് പൊതികളാക്കി ആവശ്യക്കാർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി എക്സൈസിന്റെ പിടിയിലായത്.
ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ജില്ലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനുമായ കോട്ടയം തിരുവാതുക്കൽ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ ഷാഹുലിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽകുമാർ എൻ. കെ, രാജേഷ് എസ്, ആനന്ദരാജ്, കണ്ണൻ, പി.കെ സുരേഷ്, ഹരികൃഷ്ണൻ, ജോസഫ് പി. സക്കീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
