കോട്ടയത്ത് പോലീസുകാരനെ ചവിട്ടിക്കൊന്ന കേസ്; തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും

കോട്ടയം: തട്ടുകടയിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട പോലീസുകാരനെ പെരുമ്പായിക്കോട് ജിബിന്‍ ജോര്‍ജ് (27) ചവുട്ടിക്കൊന്ന കേസില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ ചിറയില്‍ ശ്യാമപ്രസാദ് (44) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരി മൂന്നിന് രാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി ശ്യാമപ്രസാദ് തെള്ളകത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അവിടെ കടക്കാരനുമായി

ജിബിന്‍ വഴക്കുണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. വന്നത് ഒരു പൊലീസുകാരനാണെന്ന് കടക്കാരന്‍ പറഞ്ഞതോടെ ജിബിന്‍ കൂടുതല്‍ പ്രകോപിതനാകുകയും പൊലീസുകാരനാണെങ്കില്‍

എന്തുചെയ്യുമെന്ന് ചോദിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ജിബിനും ശ്യാമപ്രസാദും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ താഴെ വീണ ശ്യാമപ്രസാദിനെ ജിബിന്‍ ചവുട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.