വൈക്കം: ശക്തമായ മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ വൈക്കം ഭാഗങ്ങളിൽ വീടുകളിലും റോഡുകളിലും വെള്ളം കയറി ജനജീവിതം ദുരിത പൂർണ്ണമായ അവസ്ഥയിലാണ്.
തലയോലപ്പറമ്പ്–കോരിക്കൽ, വാഴമന–വൈക്കം റോഡുകൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ വെള്ളം കയറി, ചില റോഡുകൾ പൂർണ്ണമായി നശിക്കുകയും ചിലത് തകർച്ചയുടെ വക്കിലുമാണ്.
ഏറെക്കാലം ശോചനീയാവസ്ഥയിലായിരുന്ന തലയോലപ്പറമ്പ്–കോരിക്കൽ റോഡ്, ഏതാനും മാസം മുൻപ് ടാറിംഗ് ചെയ്തു ഗതാഗതയോഗ്യമാക്കിയതായിരുന്നു, എന്നാൽ അതും വീണ്ടും അപകടാവസ്ഥയിലായി.
റോഡിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ, അപകടം ഉണ്ടാകുമോയെന്ന ആശങ്കയാണ് പ്രദേശവാസികൾക്കിടയിൽ ഉയരുന്നത്. വാഴമന പുത്തൻപാലം – കൊടിയാട് റോഡിൽ ഏകദേശം 500 മീറ്ററോളം ദൂരം വെള്ളത്തിനടിയിലാണ്. ഗ്രാമവണ്ടികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഈ വഴി കടന്നുപോകുന്നത്.
റോഡിൽ വെള്ളം കയറിയതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാനാത്ത സ്ഥിതിയാണ്. കൂടാതെ, അറ്റകുറ്റപ്പണി നടത്തി അധികം കഴിയാത്ത വാഴമന റോഡും വെള്ളത്തില്‍ മുങ്ങിയതോടെ തകരുമെന്ന സ്ഥിതിയിലാണ്.
