കോട്ടയം: അതിരാവിലെ എണീറ്റ് ഓടാനും, നടക്കാനും പോകാറുണ്ടോ?
രാവിലത്തെ ഈ ചെറിയ വ്യായാമത്തിനു ശേഷമാണ് മിക്കവരും ഭക്ഷണം കഴിക്കാറുള്ളത്.
എന്നാല്‍ ഇങ്ങനെ വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഈ സമയം ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്?
രാത്രി നേരത്തെ ഭക്ഷണം കഴിച്ച് കിടക്കുന്നതാണ് ഭൂരിപക്ഷം ആളുകളുടെയും പതിവ്. അങ്ങനെയെങ്കില്‍ രാത്രിയില്‍ ഒരു നീണ്ട ഉപവാസമാണ് സംഭവിക്കുന്നത്. രാവിലെ ഉണരുമ്പോള്‍ ശരീരം അതുവരെ ശേഖരിച്ചു വച്ചിരിക്കുന്ന ഊർജ്ജത്തില്‍ നിന്നും ആവശ്യമായ ഗ്ലൂക്കോസ് പേശികള്‍ക്കും ശരീരത്തിനും നല്‍കും. വ്യായാമം ചെയ്യാൻ തുടങ്ങുമ്പോള്‍ ഇത് തീരും. അപ്പോള്‍ ഊർജ്ജത്തിനായി ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിനെ ആശ്രയിക്കുന്നു. ഇത് പഞ്ചസാരയായി മാറുന്നു.
പഞ്ചസാരയില്ലാത്ത അവസ്ഥയില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ അതിവേഗം കൊഴുപ്പിനെ അലിയിച്ചു കളയും.
ഇത് ശരീരഭാര നിയന്ത്രണത്തിന് സഹായകരമാണ്. എന്നാല്‍ ഇങ്ങനെ വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.
പഞ്ചസാരയുടെ നില താഴ്ന്നിരിക്കുന്ന രാവിലെ സമയത്ത് വ്യായാമം ചെയ്യുന്നതിനാല്‍ വളരെ പെട്ടെന്ന് ക്ഷീണം അനുഭവപ്പെട്ടേക്കാം. അതിനാല്‍ കഠിനമായ വർക്കൗട്ടുകള്‍ പരമാവധി ഒഴിവാക്കാം. ആരോഗ്യപരമായി എന്തെങ്കിലും പ്രശ്നം ഉള്ളവരും, 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരും കട്ടിയില്ലാത്ത എന്തെങ്കിലും ആഹാരം മിതമായ അളവില്‍ കഴിച്ചതിനു ശേഷം വ്യായാമം ചെയ്യുക.
വ്യയാമം ചെയ്തു കഴിഞ്ഞ് വെള്ളം കുടിക്കാം, എന്നാല്‍ ഉടനെ ഭക്ഷണം കഴിക്കാൻ പാടില്ല.
ശരീരഭാര നിയന്ത്രണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവർ സമീകൃതമായ ആഹാരശൈലി പിൻതുടരണം. ഒപ്പം ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. വിദഗ്ധ നിർദ്ദേശമില്ലാതെ അനാവശ്യ വ്യായാമ ശീലങ്ങള്‍ പിൻതുടരുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
