ശക്തമായ മഴയും കാറ്റും: പാലായിലും വൈക്കത്തും വ്യാപകനാശനഷ്ടം; വെച്ചൂരില്‍ റോഡിന് കുറുകെ മരംവീണ് കാറുകള്‍ക്ക് കേടുപാട്; പ്രവിത്താനം- പ്ലാശനാല്‍ റോഡില്‍ നിരവധി വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം

കോട്ടയം: വൈക്കം വെച്ചൂരില്‍ റോഡിന് കുറുകെ മരംവീണ് കാറുകള്‍ക്ക് കേടുപാട്.

ആളപായമില്ല. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഇതോടെ കുമരകം- വൈക്കം റോഡില്‍ ഒന്നരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

റോഡരില്‍ നിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു.
കറുകച്ചാലിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്.

പാലായില്‍ വ്യാപകനാശനഷ്ടം
ശക്തമായ കാറ്റിനെ തുടർന്ന് പാലാ പ്രവിത്താനത്ത് വ്യാപക നാശനഷ്ടം. പ്രവിത്താനം ടൗണിന് സമീപം മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകള്‍ തകർന്നു. പ്രവിത്താനം- പ്ലാശനാല്‍ റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി.

റോഡരികില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് പറ്റി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഉച്ചക്ക് ഒരു മണിയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്.

കഴിഞ്ഞദിവസം ഐങ്കൊമ്പ് മേഖലയില്‍ കാറ്റ് വീശി നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

ഇടുക്കിയില്‍ രാത്രിയാത്രാനിരോധനം
ഇടുക്കിയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴ, കാറ്റ്, കോടമഞ്ഞ്, മണ്ണിടിച്ചില്‍ എന്നിവ ഉള്ളതിനാലും ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെ ജില്ലയില്‍, പ്രത്യേകിച്ച്‌ മലയോര മേഖലകളില്‍ രാത്രിയാത്ര അനുവദിക്കില്ലെന്ന് കളക്ടർ ഷീബാ ജോർജ് ഐ.എ.എസ്. അറിയിച്ചു.