കോട്ടയം ജില്ലയില്‍ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; 2024 നവംബർ വരെ രജിസ്റ്റർ ചെയ്തത് 211 കേസുൾ; കുരുക്കാവുന്നത് ഓണ്‍ലൈൻ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്

കോട്ടയം: ജില്ലയില്‍ രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളുടെ എണ്ണത്തില്‍ വൻ വർധനയെന്ന് റിപ്പോർട്ട്.

കഴിഞ്ഞ വർഷം നവംബർ മാസം വരെ ജില്ലയില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത് 211 കേസുകളാണ്.
മുൻ വർഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലയില്‍ 2015ല്‍ 71 കേസുകള്‍ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്.

2016ല്‍ കേസുകളുടെ എണ്ണം 112 ആയി കൂടി. 2017ല്‍ 145, 2018ല്‍ 157, 2019ല്‍ 195, 2020ല്‍ 132, 2021ല്‍ 168, 2022ല്‍ 192, 2023ല്‍ 251എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ കേസുകളുടെ കണക്കുകള്‍.

സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തില്‍ കോട്ടയം എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അകെ റിപ്പോര്‍ട്ട് ചെയ്തത് 1634 കേസുകളാണ്. എല്ലാ സ്റ്റേഷനുകളിലും പോക്‌സോ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നുണ്ട്.

ജില്ലയില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതലും ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് ചൂഷണം ചെയ്തതാണെന്നും പൊലീസ് പറയുന്നു. മൊബൈല്‍ ഫോണും വില്ലനാകുന്നുണ്ട്. ക്രിമിനല്‍ കേസ് പ്രതികള്‍ പോലും സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികള്‍ അടക്കമുള്ളവരെ ചതിയില്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തു.