കൊച്ചി: എറണാകുളം കോതമംഗലം നെല്ലിക്കുഴിയില്‍ ആറു വയസുകാരിയെ കൊന്ന രണ്ടാനമ്മയെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണവും അനിഷ (നിഷ) മൊഴിയായി നല്‍കി. നെല്ലിക്കുഴിയില്‍ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ ആറു വയസുകാരിയായ മകള്‍ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അജാസ് ഖാന്‍റെ രണ്ടാം ഭാര്യ അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാൻ.
നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. അടുത്തിടെ അജാസ് ഖാനില്‍ നിന്ന് നിഷ വീണ്ടും ഗർഭിണിയായിരുന്നു. ഒരു കുട്ടി കൂടി വരുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തിന് മുസ്കാൻ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ നിഷ കൊന്നതെന്നാണ് പൊലീസ് അനുമാനം. അജാസ് ഖാന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് നിഗമനം.
