കോട്ടയം: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ എൻജിനീയറിംഗ് വിഭാഗത്തില്‍ വിജിലൻസ് പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മീനച്ചില്‍, പായിപ്പാട്, കല്ലറ പഞ്ചായത്തുകളിലാണ് പരിശോധന നടന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള ഇ ഫയലുകള്‍, കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള ഫയലുകള്‍ എന്നിവ കെട്ടിക്കിടക്കുന്നു.
വാണിജ്യകെട്ടിടങ്ങള്‍ക്ക് കെ.എം.ബി.ആര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കെട്ടിടനമ്പര്‍ അനുവദിച്ചു. തലയോലപറമ്പില്‍ ടെൻഡര്‍ രജിസ്റ്റര്‍ കൃത്യമായി പരിപാലിക്കുന്നില്ല. പെര്‍മിറ്റില്‍ നിന്നു വ്യത്യസ്തമായി അനധികൃത നിര്‍മ്മാണം നടത്തിയതായും കണ്ടെത്തി.
മീനച്ചിലില്‍ ക്രമവല്‍ക്കരണത്തിനു വന്ന ഒരു കെട്ടിടത്തിന്റെ അപാകത പരിഹരിച്ച് അപേക്ഷിക്കാൻ സെക്രട്ടറി അറിയിച്ചിട്ടും ചെയ്യാത്ത ഉടമസ്ഥനെതിരെ നടപടിയെടുത്തിട്ടില്ല. പായിപ്പാട് പഞ്ചായത്തിലെ സാങ്കേതിക വിഭാഗം ഓഫിസിലെ ടെൻഡര്‍ രജിസ്റ്ററില്‍ പല കോളങ്ങളും അപൂര്‍ണമാണ്.
കല്ലറ പഞ്ചായത്തില്‍ കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് അപേക്ഷകര്‍ സമര്‍പ്പിച്ച് തിരസ്‌ക്കരിച്ച ഫയലുകളില്‍ ഓവര്‍സിയര്‍ മതിയായ സൈറ്റ് പരിശോധന നടത്തുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. ഓവര്‍സിയറുടെ ഗൂഗിള്‍ പേ അക്കൗണ്ട് പരിശോധിച്ചതില്‍ നിന്ന് കരാറുകാരമായും മറ്റും അനധികൃത സാമ്ബത്തിക ഇടപാട് നടത്തിയതായി കണ്ടെത്തി.
