പത്തനംതിട്ട: വഴിയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന കോട്ടയം സ്വദേശികളായ സ്ത്രീകളടക്കമുള്ള സംഘത്തിന് നേരെ പോലീസ് ലാത്തി വീശിയ സംഭവത്തില്‍ പോലീസിനെ വിളിച്ചത് ബാര്‍ ജീവനക്കാരെന്ന് വിവരം. രാത്രി അടയ്ക്കാന്‍ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ വന്നുവെന്ന് ബാര്‍ ജീവനക്കാരന്‍ പറഞ്ഞു.
ഇവര്‍ പിരിഞ്ഞു പോകാതായതോടെ പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് വന്നതോടെ മദ്യം ആവശ്യപ്പെട്ടവര്‍ ഓടിയെന്നും പിന്നീട് നടന്നത് അറിയില്ലെന്നും ബാര്‍ അക്കൗണ്ടന്റ് പറഞ്ഞു. ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയെത്തിയ പോലീസ് ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നാണ് കരുതുന്നത്.
എസ്‌ഐ എസ്.ജിനുവും സംഘവുമാണ് മർദ്ദിച്ചത്. സംഭവത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. അതേസമയം, സ്ത്രീകള്‍ക്ക് നേരെ ലാത്തി പ്രയോഗിച്ചു എന്ന പരാതി അടിസ്ഥാനരഹിതമാണെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വിവാഹത്തോട് അനുബന്ധിച്ചുള്ള പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിന് നേരെ പോലീസ് അകാരണമായി ലാത്തി വീശുകയായിരുന്നുവെന്നാണ് പരാതി.
ഇതില്‍ ചിലര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോന്നി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. 20 ഓളം പേര്‍ ഉണ്ടായിരുന്നു.
