‘കോട്ടയം നഴ്സിങ് കോളേജിലെ റാഗിങിന് പിന്നില്‍ എസ്‌എഫ്‌ഐ നേതാക്കള്‍’; ഗുരുതര ആരോപണവുമായി എംഎസ്‌എഫ്

മലപ്പുറം: കോട്ടയം നേഴ്സിങ് കോളേജിലെ റാഗിങിന് പിന്നില്‍ എസ്‌എഫ്‌ഐ നേതാക്കളാണെന്ന് എംഎസ്‌എഫ് ആരോപിച്ചു.

എസ്.എഫ്.ഐ നഴ്‌സിങ് സംഘടനയായ കെജിഎസ്‌എന്‍എയുടെ സംസ്ഥാന പ്രസിഡന്‍റും എസ്‌എഫ്‌ഐ വണ്ടൂർ ലോക്കല്‍ കമ്മിറ്റി ഭാരവാഹിയുമായ അഖില്‍ രാജ് ഉള്‍പ്പെടെ അഞ്ച് പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരുമാണെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ് ആരോപിച്ചു.

അധാർമ്മികതയുടെ ആള്‍ക്കൂട്ടമായി എസ്.എഫ്.ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവർത്തകരുള്ള ഒരു സംഘമായി എസ്.എഫ്.ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അത്ഭുതമില്ല. സിദ്ധാർത്ഥ് കൊലപാതകത്തില്‍ പ്രതികളായ എസ്‌എഫ്‌ഐ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചതുപോലുള്ള നീക്കം ഈ വിഷയത്തില്‍ സി.പി.എം, എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകരുത്.

പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാൻ എസ്‌എഫ്‌ഐ തയ്യാറാകണം. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ സഖാവ് എന്ന് എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാൻ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല. ഇത്തരം ക്രൂര മനസുകാർ ഒരു ദയയും അർഹിക്കുന്നില്ല.

നിയമത്തിന് പൂർണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും എം.എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ് പറഞ്ഞു.