തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: ‘മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേല്‍പിച്ചു; മരണകാരണം തലക്കേറ്റ ക്ഷതം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേല്‍പിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.

തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവം ഉണ്ടായി. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് കോട്ടയം തിരുവാതുക്കലില്‍ വ്യവസായി ആയ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ രാവിലെയെത്തിയ വീട്ടുജോലിക്കാരി രേവമ്മയാണ് അകത്തെ സ്വീകരണ മുറിയില്‍ വിജയകുമാറിന്‍റെ മൃതദേഹവും കിടപ്പുമുറിയില്‍ ഭാര്യ മീരയുടെ മൃതദേഹവും ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

സാധാരണ ഗതിയില്‍ വീടിന്‍റെ പിൻവശത്ത് കൂടിയാണ് ജോലിക്കാരി അകത്ത് കയറുന്നത്. പിൻവശത്തെ വാതില്‍ അടച്ചത് കൊണ്ടാണ് മുൻവശത്ത് കൂടി എത്തിയത്. അവരെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ കുറ്റിയെടുത്ത നിലയിലായിരുന്നു.