ഷിരൂർ: അർജുന്റെ ട്രക്കുളളത് ഗംഗാവലിപ്പുഴയില്‍ നിന്ന് പത്ത് മീറ്റർ ആഴത്തിലെന്ന് വ്യക്തമാക്കി കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍.
തടികള്‍ ലോറിയില്‍ നിന്ന് വിട്ടുപോയെന്നും നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘രാത്രിയും ഡ്രോണ്‍ പരിശോധന നടത്തും. രണ്ട് നോട്ടിക്കല്‍ കൂടുതലാണ് പുഴയിലെ ഒഴുക്കെങ്കില്‍ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല.
ലോറിയുടെ ഉളളില്‍ മനുഷ്യ സാന്നിദ്ധ്യമുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല’- എംഎല്‍എ വ്യക്തമാക്കി.
ഗംഗാവലിപ്പുഴയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ പുഴയിലിറങ്ങി പരിശോധന നടത്തുന്നത് പ്രയാസകരമാണെന്ന് നാവികസേന അറിയിച്ചു. ഇതോടെ അർജുനെ കണ്ടെത്തുന്നതിനുവേണ്ടിയുളള പത്താം ദിവസത്തെ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായി.
അതേസമയം, വെളളത്തിനടിയിലുളള ട്രക്ക് അർജുന്റേതാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ട്രക്കിന്റെ കാബിൻ ഏത് ഭാഗത്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
ഐബോഡ് പരിശോധനയില്‍ നദിക്കടിയില്‍ ലോഹ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പിക്കുന്ന സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുമുണ്ട്. മുങ്ങല്‍ വിദഗ്ദർക്ക് താഴെയിറങ്ങാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കഷ്‌ണങ്ങള്‍ കണ്ടെത്തിയെന്ന് ഉടമ മനാഫ് പ്രതികരിച്ചു. 12 കിലോമീറ്റർ അകലെ നിന്ന് നാല് കഷ്ണം തടിയാണ് കണ്ടെത്തിയത്. തടികളില്‍ പി എ 1 എന്നെഴുതിയിട്ടുണ്ട്. ഇതുകണ്ടാണ് തിരിച്ചറിഞ്ഞത്.
