കോട്ടയം ജില്ലയിലെ പ്രമുഖര്‍ രാവിലെ തന്നെ വോട്ടു ചെയ്യും; രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ ഉറച്ച്‌ നേതാക്കളും സ്ഥാനാര്‍ത്ഥികളും

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുവാനുറച്ച്‌ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മത രാഷ്ട്രീയ സംസ്‌കാരിക നേതാക്കളും, സ്ഥാനാര്‍ത്ഥികളും.

എന്‍എസ്‌എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാവിലെ 7ന് വാഴപ്പള്ളി സെന്റ്. തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി സമ്മതിദാനാവകാശം നിര്‍വ്വഹിക്കും.

ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും, സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും രാവിലെ തന്നെ അസംഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ എത്തി വോട്ട് ചെയ്യും.
ബസേലിയോസ് മാര്‍തോമാ മാതൃൂസ് തൃതീയന്‍ കാതോലിക്കാബാവ രാവിലെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട് 12 മണിക്ക് കോട്ടയം മുട്ടമ്ബലം ലൈബ്രറിയിലെ ബൂത്തില്‍ എത്തി വോട്ട് ചെയ്യും.

മന്ത്രി വി.എന്‍ വാസവനും കുടുംബവും രാവിലെ 9 ന് പാമ്ബാടി എംജിഎം സ്‌കളിലാണ് വോട്ട് ചെയ്യുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ രാവിലെ 8.15 ന് വയസ്‌ക്കര ഗവ.എല്‍ പി സ്‌കൂളിലും, ജോസ് കെ മാണി എം പി 9.15 ന് പാല സെന്റ്.തോമസ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.

കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ രാവിലെ 7.30 ന് എസ് എച്ച്‌ മൗണ്ട് ഹയര്‍സെക്കന്ററി സ്‌കൂളിലും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി കണിച്ചുകുളങ്ങര വിഎച്ച്‌ എസ് എസിലെ ഏഴാം നമ്ബര്‍ ബൂത്തില്‍ 7 മണിക്കും വോട്ട് ചെയ്യും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് 7 മണിക്ക് മൂവാറ്റുപുഴ ഗവ. സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.

പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി തിരുവനന്തപുരം ജഗതി എല്‍പി സ്‌കൂളില്‍ രാവിലെ വോട്ട് രേഖപ്പെടുത്തും.