സംസ്ഥാനത്തെ ആദ്യ ഗ്രാൻഡ്‌മാസ്‌റ്റർ രാജ്യാന്തര ഓപ്പൺ ചെസ് ടൂർണമെന്റിന് കോട്ടയത്ത് തിരിതെളിഞ്ഞു; കാറ്റഗറി എ മത്സരങ്ങൾ ഇന്നുമുതൽ മേയ് 7 വരെ നടക്കും; കാറ്റഗറി ബിയിലെ മത്സരങ്ങൾ നാളെ മുതൽ മേയ് 3 വരെ

കോട്ടയം: സംസ്ഥാനത്തെ ആദ്യ ഗ്രാൻഡ്‌മാസ്‌റ്റർ രാജ്യാന്തര ഓപ്പൺ ചെസ് ടൂർണമെന്റിന് കോട്ടയം ഒരുങ്ങി. കാറ്റഗറി എ മത്സരങ്ങൾ ഇന്നുമുതൽ മേയ് 7 വരെ നടക്കും. കാറ്റഗറി ബിയിലെ മത്സരങ്ങൾ നാളെ മുതൽ മേയ് 3 വരെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ചെസ് മത്സരമാണിതെന്നു സംഘാടകരായ കോട്ടയം ചെസ് അക്കാദമി അറിയിച്ചു.

കാറ്റഗറി എ വിജയികൾക്ക് 20 ലക്ഷം രൂപയും കാറ്റഗറി ബി വിജയികൾക്കു 10 ലക്ഷം രൂപയുമാണ് ആകെ സമ്മാനത്തുക. ഉദ്ഘാടനം ഇന്നു 2നു കഞ്ഞിക്കുഴി കോർട്‌യാഡ് ബാൻക്വിറ്റ് ഹാളിൽ കെ.ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. 3 മണിമുതൽ മത്സരങ്ങൾ ആരംഭിച്ചു.

വേദികൾ 2

കാറ്റഗറി എ: കോട്ടയം കഞ്ഞിക്കുഴി കോർട്‌യാഡ് ബാൻക്വിറ്റ് ഹാൾ.

കാറ്റഗറി ബി: എസ്എച്ച് മൗണ്ട് ഐതൗസ കൺവൻഷൻ സെന്റ്റർ.

താരക്കൂട്ടം

അർമീനിയയുടെ ദേശീയ ചാംപ്യനും മുൻ യൂറോപ്യൻ ചാംപ്യനുമായ കരൻ ഗ്രിഗോറിയൻ ആണു ടൂർണമെന്റിലെ ഒന്നാം സീഡ്. മുൻ ലോക യൂത്ത് ചെസ് ചാംപ്യൻ അർമീനിയയുടെ മാനുവൽ പെട്രോഷ്യൻ രണ്ടാം സീഡ്. മുൻ ഏഷ്യൻ ജൂനിയർ ചാംപ്യൻ ദീപൻ ചക്രവർത്തിയാണു ഇന്ത്യയിൽ നിന്നുള്ളവരിൽ പ്രമുഖൻ. യുഎസ് താരം റാസറ്റ് സിയാറ്റിനോ (67) ആണു ടൂർണമെന്റ്റിലെ പ്രായമേറിയ നിയന്ത്രിക്കാൻ പ്രമുഖർ

ലോക ചെസ് ഫെഡറേഷൻ ആർബിറ്റർ കമ്മിഷൻ അംഗം തമിഴ്‌നാട്ടിൽ നിന്നുള്ള പ്രഫ. അനന്ദറാം രത്നം ആണു ചീഫ് ആർബിറ്റർ. കോട്ടയം സ്വദേശി ജിസ്മോൻ മാത്യുവാണു ഡപ്യൂട്ടി ചീഫ് ആർബിറ്റർ. ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ആർബിറ്റർ കമ്മിഷൻ ചെയർമാനും ചെസ് അസോസിയേഷൻ കേരള പ്രസിഡന്റുമായ രാജേഷ് നാട്ടകമാണു ടൂർണമെന്റ്റ് ഡയറക്‌ടർ.

പൊതുജനങ്ങൾക്കും മത്സരം കാണാം

സംഘാടകരുടെ നിയന്ത്രണങ്ങൾക്കു വിധേയമായി പൊതുജനങ്ങൾക്കും മത്സരങ്ങൾ കാണാം. മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ മത്സരഹാളിനുള്ളിൽ വിലക്കുണ്ട്. മത്സരങ്ങൾ ലൈവായി കോട്ടയം ചെസ് അക്കാദമി വെബ്സൈറ്റിലും (https://kottayamchess.com) കാണാം.