ഗാന്ധിനഗർ: രാജ്യത്ത് ആദ്യത്തെ റുമാറ്റിക് ഫീവർ രഹിത ജില്ലയെന്ന പദവി ഇനി കോട്ടയത്തിനു സ്വന്തം. 27 വർഷം നീണ്ട റുമാറ്റിക് ഹാർട്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് കോട്ടയം ഈ അപൂർവനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം കേരളത്തിൽ 14 റുമാറ്റിക് ഫീവർ രോഗികളെയാണ് കണ്ടെത്തിയത്. അതിൽ 3 പേർ തിരുവനന്തപുരം ജില്ലക്കാരാണ്.
കോട്ടയം ജില്ലയിൽ 2024ൽ നടത്തിയ സർവേയിൽ ഒരു റുമാറ്റിക് ഫീവർ രോഗിയെ പോലും കണ്ടെത്താനായിട്ടില്ല. രാജ്യത്ത് റുമാറ്റിക് ഫീവർ പൂർണമായും നിയന്ത്രണവിധേയമായ ജില്ലയുള്ളതായി ഇതുവരെ റിപ്പോർട്ടുകളില്ലെന്ന് റുമാറ്റിക് ഹാർട്ട് ക്ലബ് ഭാരവാഹികൾ പറഞ്ഞു. അതിനാൽ ഈ നേട്ടം കോട്ടയത്തിനു മാത്രമല്ല കേരളത്തിനും അഭിമാനമാണ്.
റുമാറ്റിക് ഫീവർ രഹിത ജില്ലാ പ്രഖ്യാപനം ഫെബ്രുവരി 9ന് 10 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ദേശീയ കോ-ഓർഡിനേറ്റർ ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയാകും.
റുമാറ്റിക് ഹൃദ്രോഗം മൂലം ചുരുങ്ങിയ മൈട്രൽ വാൽവ് തുറക്കുന്നതിനുള്ള ബലൂൺ ശസ്ത്രക്രിയയ്ക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ തവണ നേതൃത്വം നൽകിയ ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗം മേധാവി പ്രഫ. ഡോ. വിനയകുമാറിന് അവാർഡ് സമ്മാനിക്കും.
രാവിലെ 9 മുതൽ ഹൃദയപരിശോധന ക്യാംപ് നടക്കുമെന്നു റുമാറ്റിക് ഹൃദ്രോഗ സബ് സ്പെഷൽറ്റി മുൻ ദേശീയ കൺവീനർ ഡോ. എസ്.അബ്ദുൽ ഖാദർ, റുമാറ്റിക് ഹാർട്ട് ക്ലബ് സംസ്ഥാന കോഓർഡിനേറ്റർ ഡോ.ഫെലിക്സ് ജോൺസ് എന്നിവർ അറിയിച്ചു.
