കോട്ടയത്ത് വീടു കുത്തിത്തുറന്നു സ്വർണവും പണവും മോഷ്ടിച്ച 2 പേർ അറസ്റ്റിൽ; 2500ൽ അധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പുഴയും നായകളും അറസ്റ്റ് വൈകിപ്പിച്ചു, കാത്തിരുന്നത് നാലു ദിവസം മഫ്തിയിൽ

ഏറ്റുമാനൂർ: വീട്ടുകാർ ഇല്ലാതിരുന്ന സമയത്തു വീടു കുത്തിത്തുറന്നു സ്വർണവും പണവും മോഷ്ടിച്ച 2 പേരെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം പള്ളിച്ചൽ പുന്നമൂട് ഭാഗത്ത് വട്ടവള രാജേഷ് (42), ഇയാളോടൊപ്പം താമസിച്ചിരുന്ന പാലക്കാട് ഷൊർണൂർ തോപ്പിൽ ബേബി (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഏറ്റുമാനൂർ പുന്നത്തുറ കറ്റോട് ഭാഗത്തുള്ള വീട്ടിൽ വീട്ടുകാർ ഇല്ലാതിരുന്ന സമയം വാതിൽ കുത്തിത്തുറന്നു മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 19.5 പവൻ സ്വർണാഭരണങ്ങളും 5000 രൂപയും രാജേഷ് മോഷ്ടിച്ചു എന്നാണു കേസ്.

മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം രാജേഷ് കൂടെ താമസിച്ചിരുന്ന ബേബിയെ ഏൽപിക്കുകയും ഇവർ ഇതിലൊരു മോതിരം സ്വർണക്കടയിൽ വിൽക്കുകയുമായിരുന്നു. ഇവരുടെ വീട്ടിൽ സൂക്ഷിച്ചതും കടയിൽ വിറ്റതുമായ സ്വർണം പോലീസ് കണ്ടെടുത്തു.

കോട്ടയം ഡിവൈഎസ്പി എം.മുരളി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ ഷോജോ വർഗീസ്, എസ്ഐമാരായ കെ.സൈജു, ബി.മനോജ്കുമാർ, സിപിഒമാരായ കെ.പി.മനോജ്, സെയ്ഫുദ്ദീൻ, അനീഷ്, ഫ്രാജിൻ ദാസ്, ആർ.രതീഷ്, സുനിൽ കുര്യൻ, സാബു, കെ.ആർ.വിനു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

രാജേഷ് സംസ്ഥാനത്തു വിവിധ സ്റ്റേഷനുകളിലായി പതിനെട്ടോളം കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

പ്രതികളെ പിടികൂടാൻ പോലീസ് ശേഖരിച്ചതു 2500ൽ അധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ. മോഷണം നടന്ന വീടിനു സമീപത്തെ വീട്ടിൽനിന്നു പ്രതിയുടെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. തലയോലപ്പറമ്പിനു സമീപമാണു പ്രതി താമസിച്ചിരുന്നത്.

വീട്ടിൽ മുന്തിയയിനം നായ്ക്കളെ വളർത്തിയിരുന്നു. പുഴയോടു ചേർന്നാണു വീട്. പോലീസ് വീടിനകത്ത് കയറിയാൽ പ്രതി വളർത്തു നായ്ക്കളെ അഴിച്ച് വിടാനും പുഴയിൽ ചാടി രക്ഷപ്പെടാനുമുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ നാലു ദിവസത്തോളം വീടിനു സമീപം മഫ്തിയിൽ പോലീസ് നില ഉറപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്.