കരുനാഗപ്പള്ളിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ ; മർദ്ദനത്തില്‍ വയോധികന്റെ നെറ്റിയിലും മൂക്കിലും പരിക്കേറ്റു, മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റു

കരുനാഗപ്പള്ളി : വീട്ടില്‍ അതിക്രമിച്ച്‌ കയറി വയോധികനെ ആക്രമിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.

ശൂരനാട് സൗത്ത് ഇരുവിച്ചിറ നടുവില്‍ കൈലാസം വീട്ടില്‍ അനന്ദു(26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

അനന്ദുവിന്റെ സുഹൃത്തായ അരുണിന്റെ അമ്മാവനെയാണ് അനന്ദുവും അരുണും ഇവരുടെ മറ്റൊരു സുഹൃത്തായ അമലും ചേർന്ന് ആക്രമിച്ചത്.

മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതികള്‍ അസഭ്യം പറഞ്ഞ് ജനാലയുടെ ചില്ലുകളും മറ്റും അടിച്ച്‌ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ബഹളം കേട്ട് പുറത്തിറങ്ങിയ വയോധികനെ അനന്ദുവും സംഘവും വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. ആയുധം ഉപയോഗിച്ചുള്ള അനന്ദുവിന്റെ മർദ്ദനത്തില്‍ വയോധികന്റെ നെറ്റിയിലും മൂക്കിലും പരിക്കേറ്റു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റു.

വയോധികന്റെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് പ്രതികളെ തിരിച്ചറിയുകയും അക്രമി സംഘത്തില്‍സംഘത്തില്‍ ഉള്‍പ്പെട്ട മാലുമ്മല്‍ സ്വദേശി അമലിനെ പിടികൂടുകയും ചെയ്യ്തു.

തുടർന്ന് മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അനന്ദു കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പോലീസിന്റെ വലയിലായത്.

ഏപ്രില്‍ 14ന് ശൂരനാടു സ്വദേശിയായ യുവാവിനെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ വച്ച്‌ ഇടിക്കട്ട കൊണ്ട് അതി ക്രൂരമായി മർദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയിലാണ് ഇയാള്‍ വീണ്ടും അക്രമപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടത്.

കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രതീപ് കുമാര്‍ കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി. ബിജു, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ. തമ്ബി, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ, സി.പി.ഒ നൗഫൻജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.