കോട്ടയം: കോട്ടയത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി പ്രവാഹം.
മാനദണ്ഡങ്ങള്‍ പാലിക്കാതെയും നേതാക്കളോട് ആലോചിക്കാതെയും തീരുമാനങ്ങളെടുത്തെന്നാണ് പരാതി.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു.
ഏറെ കാലത്തിന് ശേഷമാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചത്. പ്രകടമായ ഗ്രൂപ്പുകള്‍ ഇല്ലാത്ത കാലത്ത് നേതാക്കള്‍ ചേരിയുണ്ടാക്കിയതിനാല്‍ പുനഃസംഘടന തർക്കങ്ങള്‍ക്ക് കാരണമായി.
ഗ്രൂപ്പ് വീതം വെപ്പ് വേണ്ടെന്ന് തീരുമാനിച്ച പുനഃസംഘടനയില്‍ നേതൃത്വത്തിലുള്ളവർ ഏകപക്ഷീയമായ നിലപാടെടുത്തെന്നാണ് പ്രധാന പരാതി. ബ്ലോക്ക് കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോള്‍ പ്രദേശത്ത് നിന്നുള്ള ജില്ലാ നേതാക്കളോട് ആലോചിച്ചിട്ടില്ല. ഇതിനെതിരെയാണ് ചില ഡിസിസി ഭാരവാഹികള്‍ കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയത്.
