കൊല്ലത്ത് പഴക്കടയിലും ആക്രി വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി; ലഹരി ഉപയോഗിച്ച ശേഷമാണ് മോഷണം; മോഷണ സമയത്ത് ഉപയോഗിച്ചിരുന്ന ബൈക്കും കണ്ടെടുത്തു

കൊല്ലം : പഴക്കടയിലും ആക്രിവ്യാപാര സ്ഥാപനത്തിലും മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍. മയ്യനാട് ജന്മംകുളത്താണ് സംഭവം.

മയ്യനാട് സ്വദേശികളായ അനില്‍, മുഹമ്മദ് ഇർഫാൻ എന്നിവരെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്. അനിലിന്റെ പേരില്‍ നിലവില്‍ പോക്സോ അടക്കം മൂന്ന് കേസുകളുണ്ട്.

ലഹരി ഉപയോഗിച്ചശേഷമാണ് മോഷണം. ഇവർ മോഷണ സമയത്ത് ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ബൈക്കും മോഷ്ടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണ ശേഷം ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർമാരായ ജയേഷ്, സുനില്‍കുമാർ, സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.