തിരുവനന്തപുരം: കല്ലമ്പലം ജംഗ്ഷനിൽ വാഹനത്തിൽവെച്ചിരുന്ന പണം മോഷ്ടിച്ചു. കല്ലമ്പലം കരിമ്പുവിള സ്വദേശി നാസിമുദ്ദീന്റെ പണമാണ് നാലംഗ സംഘം കവർന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കല്ലമ്പലം ജംഗ്ഷനിലെ ആശ്വാസ് ഫാർമസിക്ക് മുന്നിൽ പാർക്ക് ചെയ്‌ത ടൂവീലറിൽ നിന്ന് പണം മോഷ്ടിച്ചത്.
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന നാസിമുദിൻ, മറ്റൊരാൾക്ക് പുരയിടം വിറ്റ വകയിൽ ലഭിച്ച കമ്മീഷൻ തുക കൂടെയുള്ള മറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകുന്നതിനായി കല്ലമ്പലത്ത് എത്തിയതായിരുന്നു. ഒരാൾക്ക് പൈസ കൊടുത്ത ശേഷം ബാക്കി തുക സ്കൂട്ടറിന്റെ സീറ്റിനുള്ളിൽ വച്ചശേഷം അടുത്തുള്ള ഫാർമസിയിലേക്ക് പോയി.
ഈ സമയം നോക്കിയാണ് എസ് ബി ഐ ബാങ്കിന് മുന്നിൽ നിന്ന് മോഷ്ടാക്കൾ പണം കവർന്നത്.
നാസിമുദീൻ പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട സംഘം സ്കൂട്ടിയുടെ സമീപത്ത് എത്തുകയും അതിനകത്തുണ്ടായിരുന്ന പണം എടുത്തുകൊണ്ട് സ്ഥലം വിടുകയായിരുന്നു. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.