ഷിബുവിന്റെ ഹൃദയം കൊച്ചിയിലെത്തിച്ചു; നേപ്പാൾ സ്വദേശിനിയുടെ ശസ്ത്രക്രിയ ഉടൻ

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ (47) ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് എയർ ആംബുലൻസ് വഴി ഹൃദയം എറണാകുളത്ത് എത്തിച്ചത്. ഷിബുവിന്റെ ഹൃദയം വഹിച്ചുകൊണ്ടുള്ള എയർ ആംബുലൻസ് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിന്റെ ഹെലിപാഡിലാണ് എത്തിയത്. അവിടെനിന്ന് ഹൈക്കോടതി ജംഗ്ഷൻ, മേനക വഴി ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹെലിപാഡിൽനിന്ന് നാലു മിനിറ്റ് കൊണ്ടാണ് ഹൃദയം ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ ഉടൻ തന്നെ ആരംഭിക്കും.

ശസ്ത്രക്രിയക്കുള്ള എല്ലാ സജ്ജീകരണങ്ങളും രാവിലെ തന്നെ പൂർത്തിയായിരുന്നു. ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശിനി ദുർഗ കാമിയിലാണ് (23) മാറ്റിവെയ്ക്കാൻ പോകുന്നത്. ഹൈപ്പർ ട്രോഫിക് കാർഡിയോ മയോപ്പതി എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സ തേടി കേരളത്തിലെത്തിയതാണ് നേപ്പാൾ സ്വദേശിനിയായ ദുർഗ കാമി. ഹൃദയഭിത്തികൾക്ക് കനം കൂടുന്ന അവസ്ഥയാണിത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് താങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് പെൺകുട്ടി എറണാകുളം ജനറൽ ആശുപത്രിയെ സമീപിക്കുകയായിരുന്നു.

വിദേശ വനിതയായതിനാൽ അവയവദാനത്തിനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇതിനുള്ള ഇളവ് നേടിയെടുത്തത്. അനുയോജ്യമായ ദാതാവിനെ കാത്ത് മാസങ്ങളായി ഇവർ കേരളത്തിൽ തുടരുകയായിരുന്നു.