ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസിന്റെ നിര്‍ണായക നീക്കം. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കുട്ടിയുടെ വീട്ടിലെത്തി.

 

 

കൊല്ലം : ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്, പൊലീസിന്റെ നിര്‍ണായക നീക്കത്തിലേക്ക് , അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി. മൂവരും മഫ്തിയിലാണെത്തിയത്. കുട്ടിയുടെ പിതാവ് റെജിയെ കൊല്ലം റൂറല്‍ എസ് പി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. ഇതിനിടയിലാണ് അന്വേഷണ സംഘം കുട്ടിയുടെ വീട്ടിലെത്തിയത്.

പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ അല്‍പം മുമ്ബാണ് കസ്റ്റഡിയിലെടുത്തത്. ചിറക്കര ഭാഗത്തുനിന്നാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഡ്രൈവര്‍ക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങളും ചിറക്കര ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.

ഇതില്‍ യാത്ര ചെയ്തവരുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരിപ്പള്ളിയിലെ പമ്ബില്‍ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടി. അതേസമയം, സംഘത്തിലുണ്ടായിരുന്ന സ്ത്രീകളിലൊരാള്‍ നഴ്സിംഗ് കെയര്‍ ടേക്കറാണെന്നും ഇവര്‍ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണം നഷ്ടമായതിന്റെ വിരോധത്തില്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ചില വ്യക്തികളുമായി ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.