തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിദ് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പോലീസിന് വിവരം ലഭിച്ചു. തസ്മിദ് തംസം കന്യാകുമാരിയിലെത്തിയതായാണ് സ്ഥിരീകരണം.
ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്നും സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്ഐ ശരത്ത് പറഞ്ഞു.
കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് അന്വേഷണം. തിരുവനന്തപുരത്തുനിന്നും രണ്ടു ടീമുകളിലായാണ് പോലീസ് സംഘം കന്യാകുമാരിയിലെത്തി കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ ഒമ്പതിനാണ് കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിൻ കയറി പോവുകയായിരുന്നു. നിലവില്‍ കുട്ടി കന്യാകുമാരിയില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കന്യാകുമാരിയിലെത്തിയതെന്നാണ് വിവരം.
