ഒടുവില്‍ അത് നടന്നു: കാളിദാസ് ജയറാം വിവാഹിതാകുന്നു: വിവാഹനിശ്ചയം ആഘോഷമാക്കി താരകുടുംബം: ചിത്രങ്ങൾ പുറത്തുവിട്ടു

ചെന്നൈ: കാളിദാസ് ജയറാം എന്ന പയ്യനെ ഓര്‍ക്കാൻ മലയാളികള്‍ക്ക് ഒരുപാട് സിനിമകളൊന്നും വേണ്ട. പപ്പയുടെ സ്വന്തം അപ്പൂസിലേത് പോലെ ഒരു കഥാപാത്രം മതി.

ചെറുപ്പത്തില്‍ ജയറാമിന്റെ കൂടെ നിന്ന് നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത കാളിദാസ് ജയറാം നായകനായി അഭിനയിച്ച്‌ തുടങ്ങിയ ശേഷവും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. എന്നാല്‍ പൂമരത്തിന് ശേഷം മലയാളത്തില്‍ നിന്നും നല്ലൊരു കഥാപാത്രം കാളിദാസിന് ലഭിച്ചിട്ടില്ല.

താരത്തിന്റെ പ്രണയ കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അന്ന് മുതലിങ്ങോട്ട് താരപുത്രന്റെ വിവാഹത്തെ കുറിച്ചറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ കാളിദാസ് വൈകാതെ വിവാഹിതനായേക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. താരത്തിന്റെ വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമാവുന്നത്.

കാളിദാസും കാമുകി തരിണി കലിംഗരായറും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് നിശ്ചയം നടത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നു. കാളിദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടത്തിയത്.

കാളിദാസിന്റെ ഭാഗത്ത് മാതാപിതാക്കളായ ജയറാമും പാര്‍വതിയും സഹോദരി മാളവികയുമാണ് ഉണ്ടായിരുന്നത്. തരിണിയ്‌ക്കൊപ്പം മാതാപിതാക്കളും സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും പരസ്പരം മോതിരങ്ങള്‍ അണിയിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടയില്‍ തരിണിയെ പ്രൊപ്പോസ് ചെയ്തതിന് ശേഷം നെറ്റിയില്‍ ചുംബിക്കുകയാണ് കാളിദാസ്.

ചെന്നൈയില്‍ വച്ചാണ് പരമ്ബരാഗതമായ ശൈലിയില്‍ പൂജയോട് കൂടിയുള്ള വിവാഹനിശ്ചയം ഏര്‍പ്പാടാക്കിയത്. വളരെ ചെറിയ രീതിയിലാണെങ്കിലും വലിയ ആഘോഷത്തോടെയാണ് കാളിദാസിന്റെ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുന്നത്. അടുത്തിടെ പല അഭിമുഖങ്ങളിലൂടെയും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും കാളിദാസ് വിട്ട് നിന്നിരുന്നു. ഒടുവില്‍ ആരാധകരെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് താരങ്ങളുടെ വിവാഹനിശ്ചയ വാര്‍ത്ത പുറത്ത് വരുന്നത്.