കേരളത്തിന് പിന്നാലെ കൊവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ- 1ഗോവയിലും മഹാരാഷ്‌ട്രയിലും കണ്ടെത്തി ; ഗോവയിലെ ചലച്ചിത്ര മേളയ്ക്ക് ശേഷമുള്ള പരിശോധനയില്‍ 18 പുതിയ കേസുകള്‍ കണ്ടെത്തുകയായിരുന്നു.

 

മഹാരാഷ്ട്രയില്‍ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് ജെ.എൻ-1 സ്ഥിരീകരിച്ചത്. കേരളത്തില്‍ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളോടും ജാഗരൂകരായിരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനെത്തുടര്‍ന്നാണ് ഗോവയിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ മഹാരാഷ്ട്രയില്‍ 24 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ ഒൻപത് എണ്ണം ഇന്നലെയാണ് കണ്ടെത്തിയത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. തുടര്‍ന്ന് കര്‍ണാടകയില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി.

കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുകയും പുതിയ വകഭേദം കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. രാവിലെ പത്ത് മണിക്കാണ് യോഗം ചേരുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88 ശതമാനവും നിലവില്‍ കേരളത്തിലാണ്. നിലവില്‍ രാജ്യത്ത് 1970 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്