ആറ്റില്‍ വള്ളത്തിലെത്തി മത്സ്യബന്ധനം നടത്തുന്നതിനിടെ ഓട്ടോറിക്ഷാത്തൊഴിലാളി വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു; മരിച്ചത് കുമരകം സ്വദേശി

കുമരകം: മുത്തേരിമട ആറ്റില്‍ വള്ളത്തിലെത്തി മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ഓട്ടോറിക്ഷാത്തൊഴിലാളി വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു.

കുമരകം അട്ടിച്ചിറ (ആനന്ദപുരം) വീട്ടില്‍ സുരേഷ് (59) ആണ് മരിച്ചത്.

കുമരകം ആറ്റാമംഗലം പള്ളിക്കു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് മരിച്ച സുരേഷ്. വൈകുന്നേരം മത്സ്യബന്ധനം നടത്തുക പതിവായിരുന്നു. ഇന്നലെ വൈകുന്നേരം 7.15ന് വള്ളത്തില്‍നിന്ന് ആഴമേറിയ ആറ്റിലേക്ക് വീഴുകയായിരുന്നു.

തമ്പകത്തടി കൊണ്ട് നിർമിച്ച വള്ളവും മുങ്ങിതാണു. മുത്തേരി മടയില്‍ നിന്നു പത്തുപങ്ക് ഭാഗത്തേക്കു പോയ മൂന്നു കുട്ടികള്‍ സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.

കോട്ടയത്തുനിന്നു ഫയർഫോഴ്സും മുങ്ങല്‍വിദഗ്ധരുമെത്തി രണ്ടു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഭാര്യ: ലത വേളൂർ വലിയ മുപ്പതില്‍ച്ചിറ കുടുംബാംഗം. മക്കള്‍: ശ്രുതിമോള്‍, ശ്രീനുമോള്‍, ശ്രീക്കുട്ടൻ. മരുമക്കള്‍: വിഷ്ണു (കരിങ്കുന്നം), അമ്ബാടി (ചെങ്ങളം).