കോട്ടയം: പ്രായം കൂടുമ്പോള്‍ മുഖത്ത് അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് സ്വഭാവികമാണ്. ചുളിവുകള്‍, നേർത്ത വരകള്‍, ചർമം തൂങ്ങല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കും.
എന്നാല്‍ ജീവിതശൈലിയിലുള്ള മാറ്റത്തിലൂടെ ഒരു പരിധി വരെ ഇതിനെ ചെറുക്കാൻ നമുക്ക് സാധിക്കും. ചർമത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തി, ചർമത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. കൊളാജൻ ഉത്പാദനം കുറയുന്നതാണ് യുവത്വം നഷ്ടപ്പെടുന്നതിനുള്ള പ്രധാനം കാരണം. സ്വാഭാവികമായി കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള അഞ്ച് വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
1. വിറ്റാമിൻ സി
വിറ്റാമിൻ സിയുടെ കുറവ് ശരീരത്തിലെ കൊളാജന്റെ അളവ് കുറയാൻ കാരണമായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാല്‍ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കുടാതെ ബെറീസ്, കുരുമുളക്, ചീര എന്നീ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമം ചെറുപ്പമായിരിക്കാൻ സഹായിക്കും.
2. ഇറച്ചിയും മുട്ടയും
വിറ്റാമിൻ സി കൂടാതെ പ്രോട്ടീൻ, സിങ്ക്, അയണ്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താൻ മടിക്കരുത്. ചിക്കൻ, മത്സ്യം, മുട്ട, നട്സ് എന്നിവയും കൊളാജൻ വർധിപ്പിക്കാൻ സഹായിക്കും. കൊളാജന്റെ മികച്ച സ്രോതസ്സാണ് കോഴിയിറച്ചിയും മത്സ്യവും എന്നാണ് വിദഗ്ധർ പറയുന്നത്. കടല്‍മത്സ്യങ്ങളിലും ശുദ്ധജലമത്സ്യങ്ങളിലും നമ്മുടെ ശരീരത്തില്‍ കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്ന ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.
3. ധാരാളം വെള്ളം കുടിക്കുക
നന്നായി ജലാംശം നിലനിർത്തുന്നത് ചർമം തിളക്കത്തോടെ സൂക്ഷിക്കുന്നതിന് സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യത്തിന് പുറമെ, കൊളാജൻ സംരക്ഷണത്തിലും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
4. ആരോഗ്യകരമായ ജീവിതശൈലി
പുകവലി, സൂര്യപ്രകാശം ഏല്‍ക്കുന്നത്, അമിതമായ സമ്മർദം തുടങ്ങിയ ഘടകള്‍ കൊളാജന്റെ അളവ് കുറയ്ക്കും. അതിനാല്‍, പുകവലി ഉപേക്ഷിക്കുന്നതും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുന്നതും ആരോഗ്യകരമായ ചർമത്തിന് ആവശ്യമാണ്.
5. കറ്റാർ വാഴ
കറ്റാർ വാഴ ജെല്‍ ചർമത്തില്‍ പുരട്ടുന്നത് നിരവധി ഗുണങ്ങള്‍ നല്‍കും. കുറഞ്ഞ അളവില്‍ കറ്റാർ വാഴ കഴിക്കുന്നത് കൊളാജന്റെ അളവ് വർധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
