സ്വന്തം ലേഖകൻ
കൊച്ചി: നിര്‍ദിഷ്ട യു.എ.ഇ. -കൊച്ചി- ബേപ്പൂര്‍ കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. തുടര്‍നടപടികള്‍ കാലതാമസം ഇല്ലാതെ സ്വീകരിക്കാന്‍ തുറമുഖ വകുപ്പു സെക്രട്ടറിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യു.എ.ഇ. പ്രതിനിധി സംഘം ദുബായ്- കേരള സെക്ടറില്‍ ചാര്‍ട്ടേഡ് യാത്രാകപ്പല്‍, വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവശ്യകതയും സാധ്യതയും ഉള്‍പ്പെടുത്തി മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.
കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രതിനിധികള്‍ യു.എ.ഇയിലെത്തി പ്രവാസി സംഘടനകള്‍, വിമാന കമ്പനികള്‍, യാത്രാ കപ്പല്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാടും പിന്തുണയുമാണ് അറിയിച്ചത്. തുടര്‍ന്നു മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ളയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു വിലയിരുത്തിയശേഷമാണു മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്.
സാധാരണക്കാരായ പ്രവാസികളില്‍നിന്നു വിമാന കമ്പനികള്‍ ആഘോഷ – അവധിവേളകളില്‍ വന്‍ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതു നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് വ്യോമയാന വകുപ്പും പ്രധാനമന്ത്രിയും അറിയിച്ച സാഹചര്യത്തിലാണു കപ്പല്‍ സര്‍വീസ് എന്ന ആവശ്യം ഉയരുന്നത്.
പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാന്‍ 15 കോടി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. 10,000 രൂപ നിരക്കില്‍ 200 കിലോ ലഗേജിനോടൊപ്പം മൂന്നു ദിവസം കൊണ്ട് ഗള്‍ഫ് സെക്ടറില്‍നിന്നു കേരളത്തിലേക്കും തിരിച്ചും എത്താനാവും. പുറമേ ചുരുങ്ങിയ ചിലവില്‍ കാര്‍ഗോ കയറ്റിറക്കുമതിക്കും അവസരം ലഭിക്കുമെന്നാണു വിലയിരുത്തല്‍.
ബേപ്പൂര്‍ തുറമുഖത്തിന് (ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി.എസ്) സര്ട്ടിഫിക്കേഷന് ലഭിച്ചു. ഇലക്ട്രോണിക് ഡേറ്റ ഇന്റര്‍ ചെയ്ഞ്ച് (ഇ.ഡി.ഐ.) സംവിധാനം സജ്ജമാക്കുന്നതുവഴി വിദേശ കാര്‍ഗോ, പാസഞ്ചര്‍ കപ്പലുകള്‍ നേരിട്ടടുപ്പിക്കാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതും ചാര്‍ട്ടര്‍ ഷിപ്പ് സര്‍വീസിനു കരുത്താകുമെന്നും സംസ്ഥാന തുറമുഖ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
