കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം നവംബര്‍ ആദ്യവാരം തുറക്കുമെന്ന് റെയില്‍വേ ;പാലാ ഭാഗത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇനി നാഗമ്പടം കവലയില്‍ നിന്ന് നേരിട്ട് സ്റ്റേഷനിൽ കയറാം

കോട്ടയം : കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം നവംബര്‍ ആദ്യവാരം തുറക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇതോടെ പാലാ ഭാഗത്ത് നിന്ന് എത്തുന്നവര്‍ക്ക് നാഗമ്ബടം കവലയില്‍ നിന്ന് നേരിട്ട് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കാനാകും.
നേരത്തെ നഗരം ചുറ്റി വേണ്ടിയിരുന്നു റെയില്‍വേ സ്റ്റേഷനില്‍ ചെല്ലാന്‍. പാലാ ഭാഗത്തുനിന്ന് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ എത്തുന്നവര്‍ക്ക് നാഗമ്ബടത്ത് ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച്‌ റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നു.
ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി പോകുന്നത്. ചിലരെങ്കിലും നാമ്ബടത്തെ റെയില്‍വേ ലൈനുകള്‍ നടന്ന് കയറി സ്റ്റേഷനില്‍ എത്താന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇത് ഒട്ടേറെ അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
നാഗമ്ബടത്ത് പുതിയ കവാടം വരുന്നതോടെ യാത്രക്കാര്‍ക്കുള്ള ഈ ബുദ്ധിമുട്ട് പൂര്‍ണമായും ഒഴിവാകും.
രണ്ടാം പ്രവേശന കവാടത്തിന്റെ താഴത്തെ നില ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാനും ഇവിടെ ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോച്ച്‌ പൊസിഷന്‍ അറിയാനുള്ള എല്‍ഇഡി ബോര്‍ഡുകളും ഇവിടെ സ്ഥാപിക്കും. പുതിയ ഫുട് ഓവര്‍ബ്രിഡ്ജില്‍ എസ്‌കലേറ്റര്‍, ലിഫ്റ്റ് സംവിധാനവും ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത് സംബന്ധിച്ചു നടന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജും പങ്കെടുത്തു.