വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രതിനിധികള്‍; കുഞ്ഞിനെ വിദഗ്ധ സംഘം പരിശോധിക്കും; സ്വകാര്യലാബുകള്‍ക്കെതിരെ റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴയില്‍ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രതിനിധികള്‍ ഇന്ന് ആലപ്പുഴയിലെത്തും.

ആരോഗ്യവകുപ്പ് അഡീഷ്ണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയെ വിദഗ്ധ സംഘം പരിശോധിക്കും. രാവിലെ 11 മണിക്ക് കുഞ്ഞിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിക്കാനാണ് നിർദ്ദേശം.

അതേസമയം, സംഭവത്തില്‍ സ്വകാര്യ ലാബുകള്‍ക്കെതിരെയാണ് ഡിഎംഒയുടെ റിപ്പോർട്ട്. സ്വകാര്യ ലാബുകള്‍ക്ക് വീഴ്ച ഉണ്ടായതായി ഡിഎംഒ പറയുന്നു. ലാബ് റിപ്പോർട്ടുകള്‍ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പ്രതികരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി.

ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തും. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.