കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് യുവതിയെ കഴുത്തില്‍ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടെ താമസിച്ചിരുന്നയാളുടെ പേരില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.
ലൈജുവിനൊപ്പം താമസിച്ചിരുന്ന കീഴില്ലം പണിക്കരമ്പലം കരുന്നാലില്‍ ജിബിമോള്‍ (36) ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി വീട്ടില്‍ ലൈജു(47) സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രതിയെ അപകടത്തില്‍പ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ലൈജുവിന്റെ ബൈക്ക് ബസില്‍ ഇടിപ്പിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ ലൈജുവിന്റെ തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. കൊലപാതക ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇയാള്‍ പെരുമ്പാവൂർ പട്ടാലില്‍ വെച്ചാണ് കെഎസ്‌ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ച് കയറ്റിയത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ലൈജു കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ആദ്യ ഭാര്യയ്ക്ക് നല്‍കേണ്ട ജീവനാംശം മുടങ്ങിയ കേസില്‍ ലൈജു മുൻപ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും, വെരിക്കോസ് രോഗത്തിന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നും പൊലീസ് അറിയിച്ചു. നിയമപരമായി വിവാഹം കഴിക്കാത്ത ഇവർക്ക് ഒരു മകനുണ്ട്. ആദ്യബന്ധത്തില്‍ ലൈജുവിന് രണ്ട് മക്കളും, ജിബിമോള്‍ക്ക് ഒരു മകനുമുണ്ട്. മുവാറ്റുപുഴ ഗവ. ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജിബിമോളുടെ മൃതദേഹം സംസ്കരിച്ചു.
