കേരള നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രിൽ രണ്ടാം വാരത്തിലെന്ന് സൂചന

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ​ഗാർ​ഗിൻ്റെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച യോ​ഗം നടന്നു. കേരളത്തിൽ നിന്നുള്ള മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ പങ്കെടുത്തു. കേരളത്തിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട അസം, പശ്ചിമ ബം​ഗാൾ, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലെയും സാഹചര്യമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്.

2021ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ തിരഞ്ഞെടുപ്പ്. മെയ് 2നായിരുന്നു വോട്ടെണ്ണൽ. ഇടതുമുന്നണിക്ക് രണ്ടാമൂഴം നൽകുന്നതായിരുന്നു 2021ലെ ജനവിധി. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിൻ്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാ​ഗമായി കെപിസിസി നേതൃയോ​ഗം ചേർന്നിരുന്നു. ഫെബ്രുവരി ആ​ദ്യവാരം തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് രം​ഗത്തിറങ്ങാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ് നേതൃത്വം.