കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്; എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണം; അപ്പീല്‍ നല്‍കി സര്‍ക്കാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കി സർക്കാർ. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്താണ് അപ്പീല്‍.

 

പള്‍സർ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. കേസില്‍ വിധി വന്ന് 75 ദിവസങ്ങള്‍ക്ക് ശേഷമാണ് അപ്പീല്‍ നല്‍കിയത്.

 

വിചാരണ നീതിപൂർവം നടന്നിട്ടില്ലെന്നും തെളിവുകള്‍ പരിശോധിച്ചത് പക്ഷാപാതപരമായിട്ടാണെന്നും അപ്പീലില്‍ സർക്കാർ പറയുന്നു. പള്‍സർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകള്‍ ഉണ്ട്.

 

ആറിടത്ത് ഇരുവരും കണ്ടതിന്റെ തെളിവുകള്‍ കോടതി വിശ്വസിച്ചില്ല. സുനി ദിലീപിന് അയച്ച കത്ത് കോടതി തള്ളി കളഞ്ഞു. ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയതിന് നിർണായക തെളിവുകളുണ്ടായിരുന്നു. ഇതൊന്നും കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ അപ്പീലില്‍ പറയുന്നു.

 

ശിക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെയടക്കം കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.