തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിശേഷ ദിനങ്ങളില്‍ പൊതു അവധി കൊടുക്കുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സ്വാതന്ത്ര്യ ദിനം , ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങി പൊതു അവധി ദിനങ്ങള്‍ റദ്ദാക്കാനും അറിവും വിജ്ഞാനവും സാമ്ബാദിക്കുന്നതിനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ് കമ്മിഷൻ ചെയർപേഴ്സണ്‍ കെ വി മനോജ്കുമാർ അംഗങ്ങളായ കെ കെ ഷാജു, ഡോ. എഫ് വില്‍സണ്‍ എന്നിവരുടെ ഫുള്‍ ബഞ്ച് ഉത്തരവിട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെയും കുറിച്ച് പഠിപ്പിക്കണം.
ഭരണഘടനാ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തിന്‍റെ ഭരണഘടനയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. ഗാന്ധിജയന്തി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെയും പരിസര ശുചിത്വത്തിന്‍റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രവർത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും വനിതാ ശിശുവികസന സെക്രട്ടറിക്കും കമ്മിഷൻ നിർദ്ദേശം നല്‍കി.
ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ദിനങ്ങളില്‍ മനുഷ്യർ തമ്മിലുള്ള സഹകരണം, പരസ്പര ബഹുമാനം, ഐക്യം, അഖണ്ഡത, സമത്വം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകർന്നതന് പദ്ധതികളും പരിപാടികളും നടപ്പാക്കണം. എല്ലാവർക്കും തുല്യനീതിയും പരിഗണനയും സംരക്ഷണവും ലഭിക്കുന്ന നവലോകം സൃഷ്ടിക്കാൻ ഉതകുന്ന ഓണ സന്ദേശം കുട്ടികള്‍ക്ക് നല്‍കുന്നതിന് സ്കൂളുകള്‍ക്ക് നിർദ്ദേശം നല്‍കണം. ദിനാചരണങ്ങള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയില്‍ കുട്ടികളുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കണം.
ശ്രീനാരായണഗുരു ജയന്തിയിലും സമാധി ദിനത്തിലും ഗുരുവിന്‍റെയും നവോത്ഥാന നയകരുടെയും സന്ദേശങ്ങള്‍ ഉള്‍ക്കെള്ളിച്ചുകൊണ്ട് ബോധവല്‍ക്കരണ ക്ലാസുകളും കുട്ടികളുടെ നേതൃത്വത്തില്‍ സംവാദ സദസ്സുകളും സംഘടിപ്പിക്കണം. പഞ്ചമി എന്ന കുട്ടിക്ക് വിദ്യാഭ്യാസം ലഭ്യമാക്കിയത് ഓർമിച്ചുകൊണ്ട് അയ്യങ്കാളിയുടെ ജന്മദിനത്തില്‍ വിദ്യാഭ്യാസ അവകാശ ദിനമായി ആചരിക്കുകയും സ്കൂളുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം.
സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്പെഷ്യല്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ ദിനാചരണ പരിപാടികളില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ഐക്യസ്വഭാവം കാണുന്നില്ല. സ്കൂള്‍തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയാണ്. ഇത്തരം പരിപാടികളില്‍ സംഘാടകരാകാനുള്ള അവസരങ്ങള്‍ അവർക്ക് ലഭിക്കുന്നില്ല. എല്ലാവിധ ദിനാചരണങ്ങളും സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്നതിനും അവയില്‍ എല്ലാ വിദ്യാർത്ഥികളുടെയും സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും ബാലാവകാശ കമ്മിഷൻ ഇടപെടണം എന്ന അധ്യാപകനും സോഷ്യല്‍ വർക്കറുമായ എല്‍ സുഗതന്‍റെ പരാതിയിന്മേലാണ് ഉത്തരവ്.
ലീഗല്‍ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് റോഡ് സുരക്ഷ, സൈബർ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം, പോക്സോ നിയമം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം സ്കൂള്‍തലത്തില്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കണം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേല്‍പ്പിക്കുന്നതിന് പകരം കുട്ടികളില്‍ ശാസ്ത്രബോധം വളർത്താൻ ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കണം. ഭാരതത്തിന്റെ ഭരണഘടന(ദ്വിഭാഷാ പതിപ്പ്) പുസ്തകം കേരളത്തിലെ മുഴുവൻ സ്കൂള്‍ ലൈബ്രറികളിലും വാങ്ങി സൂക്ഷിക്കുകയും അവ കുട്ടികള്‍ക്ക് വായനയ്ക്കും റഫറൻസിനും ലഭ്യമാക്കുന്നതും ഗുണകരമാകും.
വായനാദിനം, പരിസ്ഥിതിദിനം തുടങ്ങിയ ദിനാചരണങ്ങള്‍ ഒരു ദിവസത്തെ പ്രവർത്തനത്തില്‍ ഒതുക്കിനിർത്താതെ വിദ്യാർത്ഥികളുടെ ജീവിതത്തിലുടനീളം തുടരുന്ന സംസ്ക്കാരമായി വളർത്തിയെടുക്കാനുള്ള കർമപദ്ധതി രൂപീകരിക്കാനും ബാലാവകാശ കമ്മിഷൻ ഉത്തരവില്‍ നിർദ്ദേശിച്ചു. ശുപാർശകളിൻമേല്‍ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 60 ദിവസത്തിനകം കമ്മിഷനില്‍ സമർപ്പിക്കണം. 2005-ലെ ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകള്‍ ആക്ടിലെ വകുപ്പ്15 പ്രകാരമാണ് സർക്കാരിന് ശുപാർശകള്‍ നല്‍കിയത്.
