കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്.
സുഫൈദയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരീരത്തിലുണ്ടായത് പുതിയ പാടുകളാണ്. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളുണ്ട്. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ട്. ആത്മഹത്യ ചെയ്ത ദിവസം യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് ഭര്‍ത്താവ് ആദില്‍ സമ്മതിച്ചു. ആദില്‍ റിമാന്‍ഡിലാണ്.
ശനിയാഴ്ച്ചയാണ് കാസര്‍കോട് പാണലത്ത് ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ(24) ജീവനൊടുക്കിയത്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചത്. ഇന്ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ദാരുണ സംഭവമുണ്ടായത്. കുടുംബം വിവാഹസമയത്ത് നല്കിയ സ്വര്‍ണാഭരണങ്ങളും മഹറായി നല്കിയ മാലയുമടക്കം ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി സുഫൈദയെ നിരന്തരം മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
