ചങ്ങനാശ്ശേരി നഗരസഭയിൽ അജൈവ മാലിന്യ ശേഖണ ക്യാമ്പയിന് തുടക്കം; നഗരപരിധിയിലെ 37 വാർഡുകളിലായി 76 കേന്ദ്രങ്ങൾ സജ്ജീകരിച്ചു; ബാഗ്, ചെരിപ്പ്, റെക്‌സിൻ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവ മൊത്തം 5 കിലോ വരെ യൂസർ ഫീ ഇല്ലാതെ ശേഖരിക്കും; 5 കിലോയിൽ കൂടുതൽ ആണെങ്കിൽ ഓരോ കിലോയ്ക്കും 10 രൂപവീതം യൂസർ ഫീ നൽകണം

ചങ്ങനാശ്ശേരി: അജൈവ മാലിന്യ ശേഖണ ക്യാമ്പയിന് ചങ്ങനാശ്ശേരി നഗരസഭയിൽ തുടക്കമായി. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനായി ദ്വിദിന പ്രത്യേക ക്യാമ്പയിനാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഴയ ചെരിപ്പുകൾ, ബാഗ്, റെക്സിൻ, തുകൽ ഉൽപ്പന്നങ്ങൾ, ചില്ല് മാലിന്യങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്.

നഗരപരിധിയിലെ 37 വാർഡുകളിലായി 76 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യ ദിവസം എം സി റോഡിൻ്റെ കിഴക്ക് ഭാഗത്തുള്ള പ്രദേശത്തെ ഇരുപത് വാർഡുകളിലെ 35 കേന്ദ്രങ്ങളിലാണ് മാലിന്യ ശേഖരണം നടത്തിയത്. എല്ലാ കേന്ദ്രങ്ങളിലുമായി പതിനാല് ടൺ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനും പുന:ചംക്രമണത്തിനുമായി കൈമാറി.

പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം ആക്ടിംഗ് ചെയർമാൻ മാത്യുസ് ജോർജ് നിർവഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ രാജേഷ് കൗൺസിലർമാരായ ബീന ജോബി,ബാബു തോമസ്,ക്ലീൻ സിറ്റി മാനേജർ ഷൈൻ എൻ എസ്,ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ സി,സ്‌മിരീഷ് ലാൽ,ജബിദ എച്ച്,സജിത എ ജി,ജെറാൾഡ് മൈക്കിൾ, ബിജേഷ് ഇമ്മാനുവൽ പി എ, ആശാ മേരി, സുധാകമൽ റ്റി കെ, എന്നിവർ പ്രസംഗിച്ചു.

സെപ്റ്റംബർ 7 ന് എം സി റോഡിന് കിഴക്ക് ഭാഗത്തുള്ള 17 വാർഡുകളിലെ 29 ശേഖരണ കേന്ദ്രങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് തുടരും. മണ്ണോ മാലിന്യമോ കലരാതെയും ഈർപ്പമില്ലാതെയും എത്തിക്കുന്ന പാഴ് വസ്തുക്കളാണ് സ്വീകരിക്കുക.

രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ അതാത് വാർഡിലെ ശേഖരണ കേന്ദ്രങ്ങളിൽ എത്തിച്ച് കൈമാറാം. ടുബ് ലൈറ്റ്, ബൾബ്, സിറാമിക് തുടങ്ങിയവ ഇപ്പോൾ സ്വീകരിക്കില്ല. ബാഗ്, ചെരിപ്പ്, റെക്‌സിൻ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവ മൊത്തം 5 കിലോ വരെ യൂസർ ഫീ ഇല്ലാതെ തന്നെ ശേഖരിക്കും. 5 കിലോയിൽ കൂടുതൽ എത്തിക്കുന്നവർ അധികരിക്കുന്ന ഓരോ കിലോയ്ക്കും 10 രൂപവീതം യൂസർ ഫീ നൽകണം. എല്ലാ പാഴ് വസ്തു‌ക്കളും തുടർന്നുള്ള മാസങ്ങളിൽ ഷെഡ്യൂൾ പ്രകാരം ശേഖരിക്കും.