കണ്ണൂര്‍ തില്ലങ്കേരിയില്‍ തെയ്യം കലാകാരനെ നാട്ടുകാര്‍ ആക്രമിച്ചു ; കൈതചാമുണ്ഡി തെയ്യക്കോലം കണ്ട് ഭയന്ന് ഓടിയ കുട്ടിക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷമുണ്ടായത്

കണ്ണൂർ :  കണ്ണൂർ തില്ലങ്കേരിയില്‍ തെയ്യം കലാകാരനെ നാട്ടുകാർ ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കൈതചാമുണ്ഡി തെയ്യക്കോലം കണ്ട് ഭയന്ന് ഓടിയ കുട്ടിക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെയാണ് സംഭവം.

കൈതച്ചെടി മുറിച്ചശേഷം മടപ്പുരയിലേക്ക് തെയ്യം കയറുന്ന ചടങ്ങ് നടക്കുകയായിരുന്നു. അതിനിടെ, ക്രൂരമായി ആളുകളെ പിന്തുടരുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്. ഇത് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചു. ഓടുന്നതിനിടയില്‍ തെയ്യക്കോലം കണ്ട് ഭയന്ന കുട്ടിക്ക് പരിക്കേറ്റു. പിന്നീട് നാട്ടുകാരില്‍ ചിലർ ചേർന്ന് തെയ്യം കലാകാരനെ ആക്രമിച്ചു.

പോലീസും ഉത്സവക്കമ്മിറ്റിയിലുള്ളവരും ചേർന്ന് സംഭവം ശാന്തമാക്കി. ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതെ ചടങ്ങ് പൂർത്തിയാക്കാൻ പൊലീസ് നിർദേശിക്കുകയും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വടക്കേ മലബാറില്‍ വളരെ പ്രചാരത്തിലുള്ള ഒരു ആചാരമാണ് കൈതചാമുണ്ഡി തെയ്യം.