കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടറിൽ വന്നിടിച്ച് 29 കാരിക്ക് ദാരുണാന്ത്യം; അപകടം പിതാവിനൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ

കോട്ടയം : കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷൻ ഓഫീസിനു സമീപം അമിത വേഗത്തിൽ എത്തിയ കാർ സ്‌കൂട്ടറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. വടവാതൂർ തകിടിയേൽ എക്സ്‌സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

മലപ്പുറത്ത് നഴ്സിംങ് ട്യൂട്ടറായി ജോലിചെയ്യുന്ന എക്സിബാ അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് അപകടം. പിതാവിനൊപ്പം സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്ന സമയത്ത് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്നും എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സംഭവ സ്ഥലത്തു വച്ചു തന്നെ എക്‌സിബയുടെ മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വടവാതൂർ ചിദംബരം കുന്ന് സെമിത്തേരിയിൽ.

മാതാവ് : ജാൻസി, പിതാവ് : ജെയിംസ്, സഹോദരി : ജിപ്സ