കരുനാഗപ്പള്ളി: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ എംഡിഎംഎയുമായി പിടിയില്‍. ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വില്പനക്കായി കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിനു സമീപം ലോഡ്ജില്‍ താമസിച്ചുവന്ന പത്തനംതിട്ട കോന്നി മങ്ങാരം ഹലീന മൻസിലില്‍ ആബിദ് (25), ചെങ്ങന്നൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഓഫിസ് അസിസ്റ്റൻറ് ആലുംകടവ് മരു.തെക്ക് കാട്ടൂർ വീട്ടില്‍ അജിംഷ (30) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് 50,000 രൂപ വിലവരുന്ന 10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആബിദിന്റെ പക്കല്‍നിന്ന് മൂന്നു വര്‍ഷമായി അജിംഷ മയക്കുമരുന്ന് വാങ്ങുന്നതായി പോലീസ് പറഞ്ഞു. ഒരുമാസം മുമ്പ് വിവാഹിതനായ അജിംഷ അടുത്തിടെയാണ് ആരോഗ്യവകുപ്പ് ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത്.
ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സക്കറിയ കുരുവിള, എ. റഹീം, സുരേഷ്, സി.പി.ഒ അനിത, ജില്ല ഡാൻസാഫ് അംഗങ്ങള്‍ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
