‘കാഫിര്‍’ വിവാദത്തില്‍ മറുപടിയില്ലാതെ സി.പി.എം, മാഷാ അള്ളാ സ്റ്റിക്കറോ..? ‘അമ്പാടിമുക്ക് സഖാക്കളെ കാണാനില്ല, കെ.കെ ലതികയുടെ പ്രൊഫൈൽ ലോക്ക്

കോഴിക്കോട്: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവുമധികം വാശിയോടെ പ്രചാരണം നടന്ന വടകര മണ്ഡലവുമായി ബന്ധപ്പെട്ട ‘കാഫിര്‍’ വിവാദത്തില്‍ മറുപടിയില്ലാതെ പ്രതിരോധത്തിലായി സി.പി.എം. ‘കാഫിറായ ശൈലജ ടീച്ചര്‍ക്ക് വോട്ട് ചെയ്യരുതെന്ന്’ ആഹ്വാനം ചെയ്യുന്ന സ്‌ക്രീന്‍ഷോട്ട് മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു എന്നായിരുന്നു സി.പി.എം അണികളുടെ ആരോപണം.

ലീഗ് ഇറക്കിയതെന്ന വിധത്തില്‍ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയകളിലും വ്യാപകമായി പങ്കുവെച്ചു. മുന്‍ എം.എല്‍.എയും കോഴിക്കോട്ടെ പ്രമുഖ സി.പി.എം നേതാവുമായ കെ.കെ ലതിക അടക്കം ഖാസിമിന്റെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ട് ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ‘വര്‍ഗീയതയ്‌ക്കെതിരേ’ പോസ്റ്റിടുകയുംചെയ്തു.

ഇതോടെ സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ക്ക് അതുമായി ബന്ധമില്ലെന്ന് പറയേണ്ടിവന്നു. യു.ഡി.എഫും തള്ളിപ്പറഞ്ഞു. എന്നാലിപ്പോള്‍, സംഭവത്തില്‍ ലീഗിനും യു.ഡി.എഫിനും യാതൊരു പങ്കുമില്ലെന്ന് സി.പി.എമ്മിന് കീഴിലുള്ള പോലിസ് തന്നെ വ്യക്തമാക്കിയതോടെയാണ് പാര്‍ട്ടി പ്രതിരോധത്തിലായത്.

ഇതോടെ ആരാണ് ‘കാഫിര്‍’ പ്രചാരണത്തിന് പിന്നിലെന്ന ചോദ്യം സജീവമായി. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാസിം ആണ് കാഫിര്‍ മെസേജ് ഉണ്ടാക്കിയതെന്നായിരുന്നു ആരോപണം. എന്നാല്‍, മുഹമ്മദ് ഖാസിം കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയില്‍ പോലിസ് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പാര്‍ട്ടി വെട്ടിലായത്.

തുടക്കത്തില്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ കാഫിര്‍ വിഷയം ഇനി ഉയര്‍ത്താന്‍ സി.പി.എമ്മിന് കഴിയില്ല. കേരളത്തില്‍ വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26ന് തൊട്ടു മുമ്പാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്. ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന സി.പി.എം സൈബര്‍ പേജിലായിരുന്നു ആദ്യം ഇത് പ്രത്യക്ഷപ്പെട്ടതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇതു വലിയ വിവാദമായതോടെ പോസ്റ്റ് ഈ പേജില്‍നിന്ന് അപ്രത്യക്ഷമായി. ഖാസിമല്ല സന്ദേശത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടതോടെ ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന പേജ് തന്നെ അപ്രത്യക്ഷമായിട്ടുണ്ട്. ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ അത്തരമൊരു പേജില്ല. തന്നെയുമല്ല ഷാഫി പറമ്പിലിന്റെ ‘വര്‍ഗീയ പ്രചാരണത്തിനെതിരേ’ പോസ്റ്റിട്ട കെ.കെ ലതികയുടെ പ്രൊഫൈല്‍ ഇപ്പോള്‍ ലോക്ക് ചെയ്ത നിലയിലുമാണ്.

കാര്യങ്ങള്‍ പെട്ടെന്ന് കീഴിമേല്‍ മറിഞ്ഞതോടെ, നേരത്തെ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖറിന്റെ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറിന് പിന്നില്‍ ‘മാഷാ അള്ളാ’ സ്റ്റിക്കര്‍ ഒട്ടിച്ച സംഭവത്തിന് പിന്നില്‍ മുസ്ലിം തീവ്രവാദ പുകമറ സൃഷ്ടിച്ച് കേസ് വഴിതിരിച്ചുവിടാന്‍ നടന്ന ശ്രമവുമായി ഇപ്പോഴത്തെ ‘കാഫിര്‍’ വിവാദം താരതമ്യം ചെയ്യപ്പെടുന്നുണ്ട്.

ടി.പി കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇന്നോവ കാറിന് പിന്നിലുള്ള ‘മാഷാ അള്ളാ’ സ്റ്റിക്കര്‍ കാണിച്ച് സംഭവത്തിന് പിന്നില്‍ എന്‍.ഡി.എഫ് എന്ന വിധത്തിലായിരുന്നു അന്ന് കൈരളി ചാനലിലെ വാര്‍ത്ത. മാത്രമല്ല കൊലപാതകം നടന്നത് വള്ളിക്കാട്ട് പള്ളിക്ക് സമീപമാണെന്നതും വാര്‍ത്തയായി.

കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഒരു അമുസ്ലിമിന്റെ അടുത്തുനിന്നാണ് വാടകയ്ക്ക് എടുത്തത്. പിന്നെ എങ്ങിനെ അതിന് പിന്നില്‍ മാഷാ അള്ളാ എന്ന അറബി വാചകമുള്ള സ്റ്റിക്കര്‍ വന്നു എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലാത്തുപോലെ, ഖാസിമിന്റെ പേരിലുള്ള സ്‌ക്രീന്‍ഷോട്ട് ‘പുറത്തുവിട്ട’ അമ്പാടിമുക്ക് സഖാക്കള്‍ എന്തിന് പോസ്റ്റും ഇപ്പോള്‍ പേജും ഡിലീറ്റ്‌ചെയ്ത് ഓടിയൊളിച്ചെന്നതിനും ഉത്തരം ഉണ്ടാകില്ല.

പേജ് ഡിലീറ്റ്‌ചെയ്ത് അമ്പാടിമുക്ക് സഖാക്കള്‍ പോയെങ്കിലും സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഫെയ്സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കുമെന്നാണ് പൊലിസ് പറയുന്നത്. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫെയ്സ്ബുക്കിന്റെ നോഡല്‍ ഓഫിസറെയും പ്രതിചേര്‍ത്തിരിക്കുകയാണ്.

കെ.കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് മഹ്‌സര്‍ തയ്യാറാക്കുകയുംചെയ്തു. ലതികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിശദീകരണമാണ് പൊലിസിന് നല്‍കാനുള്ളത്.