പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും കുട്ടികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കുനേരെയാണ് ലോറി ഇടിച്ചുകയറിയത്. സംഭവത്തില്‍ കര്‍ശനമായ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശീയപാതയിലെ പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നെങ്കില്‍ ബ്ലാക്ക് സ്പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു.
മേഖലയില്‍ നിരന്തരം അപകടം എന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ല. തന്നോടല്ല വിഷയം എംഎല്‍എ ഉന്നയിച്ചത്. അപകടത്തില്‍ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. ലോറികളില്‍ സ്പീഡ് ഗവർണർ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതില്‍ ശക്തമായ നടപടി ഉണ്ടാകും.
നേരത്തെ തീരുമാനിച്ചത് പോലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തും. പനയമ്പാടത്തെ ദാരുണാപകടത്തിന്റെ കാരണം അന്വേഷിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത വേഗതയാണോ അപകട കാരണമെന്നും ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും.
