ബാറിൽ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥയെ തടയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു; കേസിൽ ബാർ ഉടമ അറസ്റ്റിൽ

കടുത്തുരുത്തി: ബാറിൽ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥയെ തടയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ മാഞ്ഞൂർ ബീസ ക്ലബ് ബാർ ഉടമ ഷാജിമോൻ ജോർജ് അറസ്റ്റിൽ.

കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിലാണ് ഷാജിമോനെ അറസ്റ്റ് ചെയ്തത്. ബാർ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന അബ്കാരി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ നദീറ മാഞ്ഞൂർ ബീസ ക്ലബ് ബാറിൽ പരിശോധനയ്ക്ക് എത്തിയിരുന്നു.

ഈ സമയം ബാറിനുള്ളിലുണ്ടായിരുന്ന ഷാജിമോൻ ഇവരെ തടയുകയും ജോലി തടസ്സപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് പൊലീസ് ബാർ ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജിമോൻ മുൻപും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നേരത്തേ ബാറിനും ഹോട്ടലിനും ലൈസൻസ് നൽകുന്നതിന്റെ പേരിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കിടന്ന് ഇദ്ദേഹം പ്രതിഷേധിച്ചത് വിവാദമായിരുന്നു.

പിന്നീട്, ഹോട്ടലിനു മുൻപിൽ നിന്നിരുന്ന പ്ലാവ് ഉണങ്ങി നശിച്ചതിനെതിരെ പരിസ്ഥിതി സംഘടന നടത്തിയ സമരം തടയാൻ ശ്രമിച്ചതിന് ഷാജിമോനെതിരെ കേസ് എടുത്തിരുന്നു. എസ്ഐ ശരണ്യ എസ്.ദേവൻ, എസ്ഐ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അതേസമയം, മാഞ്ഞൂർ ബീസ ക്ലബ് ഹൗസ് ഉടമ ഷാജിമോൻ ജോർജ് കെട്ടിടം നിർമിച്ചിരിക്കുന്നത് റെയിൽവേ നൽകിയ അനുമതിപ്രകാരമല്ലെന്നു റെയിൽവേയുടെ നോട്ടിസ്. റെയിൽവേയുടെ അനുമതിയില്ലാതെ നിർമിച്ച കെട്ടിടത്തിന് അനുമതി നൽകിയ പഞ്ചായത്തും കെട്ടിടഉടമയും അനധികൃത നിർമാണം മൂലം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദികളായിരിക്കുമെന്നു കാണിച്ചാണു റെയിൽവേ മാഞ്ഞൂർ പഞ്ചായത്തിന് നോട്ടിസ് നൽകിയത്.

റെയിൽവേ അതിർത്തിയിൽനിന്നു 30 മീറ്റർ മാറിയേ നിർമാണപ്രവൃത്തികൾ നടത്താവൂ എന്നാണ് നിയമം. ഇവിടെ ഇതു പാലിച്ചിട്ടില്ലെന്നും നിർമാണപ്രവൃത്തികൾ നടത്തിയ ശേഷമാണ് റെയിൽവേയുടെ അനുമതി തേടിയതെന്നും പഞ്ചായത്തിന് അയച്ച നോട്ടിസിൽ പറയുന്നു. നോട്ടിസ് ലഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് അറിയിച്ചു.