കൊച്ചി: സിറ്റി പരിധിയില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിരുന്ന സാമൂഹിക വിരുദ്ധനെ കാപ്പ നിയമപ്രകാരം നാടുകടത്തി.
കളമശ്ശേരി തൃക്കാക്കര നോർത്ത് വില്ലേജില്‍ ഗ്ലാസ് ഫാക്ടറി കോളനി ആറുകണ്ടത്തില്‍ വീട്ടില്‍ ജോയല്‍ ബെന്നിയെ (25) ആണ് ഒരു വർഷത്തേക്ക് കൊച്ചി സിറ്റി പൊലീസ് പരിധിയില്‍ നിന്ന് നാടുകടത്തിയത്. കൊച്ചി സിറ്റി കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് ഈ നടപടി. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയായ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.
കാപ്പ നിയമപ്രകാരമുള്ള നാടുകടത്തല്‍ ഉത്തരവ് നിലനില്‍ക്കുന്ന അടുത്ത ഒരു വർഷത്തേക്ക് കൊച്ചി സിറ്റി പോലീസ് പരിധിയില്‍ പ്രവേശിക്കാനോ ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളില്‍ ഏർപ്പെടാനോ ജോയല്‍ ബെന്നിക്ക് അനുവാദമില്ല. ഈ നാടുകടത്തല്‍ ഉത്തരവ് ലംഘിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. നഗരത്തില്‍ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ തുടരുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.
