തിരുവനന്തപുരം: മുനമ്പത്ത് നിന്നും രേഖകള്‍ ഉള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിഷയത്തില്‍ ശാശ്വതമായി പരിഹാരം കാണുന്നതിനും താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കുവാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
ഇതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ ജുഡിഷ്യല്‍ കമ്മിഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമരസമിതിയെ അറിയിച്ചു. വിഷയത്തില്‍ നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.
ഇക്കാര്യം ബോർഡ് അംഗീകരിച്ചുവെന്നും കൂട്ടിച്ചേർത്തു. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാൻ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.
