‘ജഡ്ജി സംശയിച്ചതുപോലെ തന്നെ;’ ഒടുവില്‍ വളര്‍ത്ത് നായയുടെ വയറ്റില്‍ നിന്ന് ‘തൊണ്ടിമുതല്‍’ കണ്ടെത്തി.

 

കൊല്ലം : തൊണ്ടി മുതല്‍’ വളര്‍ത്ത് നായയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.ജഡ്ജിയുടെ നായ വിഴുങ്ങിയ സേഫ്ടി പിന്നാണ് മൂന്ന് ദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ലേബര്‍ കോടതി ജില്ലാ ജഡ്ജി പി.മായാദേവിയുടെ ഒരു വയസുള്ള പോമറേനിയൻ നായയായ പോപ്പിയുടെ വയറ്റില്‍ നിന്ന് സേഫ്ടി പിൻ പുറത്തെടുത്തത്. സാരിയിലെ ആറ് സേഫ്ടി പിന്നുകളില്‍ ഒരെണ്ണം കാണാതായി. രണ്ട് ദിവസം ഫ്‌ളാറ്റ് മുഴുവൻ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കുസൃതിക്കാരനായ പോപ്പി വിഴുങ്ങിയതാണോയെന്ന സംശയം ഉയര്‍ന്നു.

പരിശോധനയ്ക്ക് ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചു. എക്സറേയെടുത്തപ്പോള്‍ വയറ്റില്‍ സേഫ്ടി പിൻ തുറന്നിരിക്കുന്ന നിലയില്‍ കുടുങ്ങിയതായി കണ്ടെത്തി. അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ ശാസ്ത്രക്രിയ നടത്താൻ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

അനസ്‌തേഷ്യ നല്‍കി അരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സോഫ്ടി പിൻ പുറത്തെടുത്തു. വയറ്റില്‍ വെച്ചുകെട്ടുണ്ടെങ്കിലും താനൊന്നും അറിഞ്ഞില്ലേയെന്ന മട്ടിലാണ് ഫ്ളാറ്റില്‍ ‘കള്ളന്റെ’ നടപ്പ്. ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈൻ കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്മാരായ ഡോ. സജയ് കുമാര്‍, ഡോ. ആതിര എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.