കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി.
റിസോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരനായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. റിസോര്‍ട്ടില്‍ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് ഉച്ചയോടെ റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം.
