1,100 കാളകളും 900 വീരൻമാരും പങ്കെടുത്ത ജെല്ലിക്കെട്ട്; നെഞ്ചില്‍ കാളയുടെ ചവിട്ടേറ്റ യുവാവ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം.

മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം.
ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്.

ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്.

ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം. നാളെ പാലമേടും മറ്റന്നാള്‍ അലങ്കാനല്ലൂരിലും മത്സരം നടക്കും.