ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി; ബാക്കി 16 ഇന്ത്യക്കാരും സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ്സ ജോസഫ് (24) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.

ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും ശ്രമഫലമായാണ് യുവതിയെ നാട്ടിലെത്തിക്കാനായതെന്ന് വിദേശകാര്യ മന്ത്രാലയം സമൂഹമാദ്ധ്യമത്തില്‍ വ്യക്തമാക്കി.

ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും കപ്പലിലുള്ള മറ്റ് പതിനാറ് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. എല്ലാവരും കുടുംബാംഗങ്ങളുമായും സംസാരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.