കൊല്‍ക്കത്ത: ഐപിഎല്‍ 18ാം സീസണില്‍ പ്ലേ ഓഫ് യോഗ്യതയ്ക്ക് അടുത്തെത്തി ഗുജറാത്ത് ടൈറ്റന്‍സ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് പരാജയപ്പെടുത്തി എട്ട് മത്സരങ്ങളില്‍ നിന്ന് ആറാം ജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയെ ഒരു ഘട്ടത്തിലും മികവ് പുറത്തെടുക്കാന്‍ ടൈറ്റന്‍സ് ബൗളര്‍മാര്‍ അനുവദിച്ചില്ല.
ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്കീപ്പര്‍ ഗുര്‍ബാസിന്റെ വിക്കറ്റ് 1(4) കെകെആറിന് നഷ്ടമായി. സുനില്‍ നരെയ്ന്‍ 17(13) രണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ അര്‍ദ്ധ സെഞ്ച്വറി 50(36) നേടിയെങ്കിലും പിന്തുണ നല്‍കാന്‍ മറുവശത്ത് ആളുണ്ടായില്ല. വെങ്കടേഷ് അയ്യര്‍ 14(19), റിങ്കു സിംഗ് 17(14), ആന്ദ്രെ റസല്‍ 21(15) എന്നിവരും നിറം മങ്ങി. രമണ്‍ദീപ് സിംഗ് 1(2), മൊയീന്‍ അലി 0(2) എന്നിവര്‍ വന്നത്‌പോലെ മടങ്ങി.
