കൊച്ചി: ഭര്‍ത്താവിന്റെ സംരക്ഷണത്തിലായാലും പ്രായമായ സ്ത്രീകള്‍ക്ക് മക്കളില്‍നിന്ന് ജീവിതച്ചെലവിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വരുമാനമില്ലാത്ത മാതാവിന് സാമ്പത്തിക സഹായം നല്‍കുന്നത് മക്കളുടെ ധാര്‍മികവും നിയമപരവുമായ കടമയാണെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയും മക്കളുമുണ്ടെന്ന പേരില്‍ വൃദ്ധമാതാവിന്റെ സംരക്ഷണത്തില്‍നിന്ന് മക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഈ നിര്‍ണായക വിധി.
തിരൂര്‍ കുടുംബക്കോടതി പ്രതിമാസം മാതാവിന് പണം നല്‍കാന്‍ നല്‍കിയ ഉത്തരവിനെതിരേ മലപ്പുറം വെളിയംകോട് സ്വദേശിയായ യുവാവ് സമര്‍പ്പിച്ച റിവിഷന്‍ ഹരജി കോടതി തള്ളുകയായിരുന്നു. ഗള്‍ഫില്‍ ജോലിചെയ്യുന്ന മകനില്‍നിന്ന് പ്രതിമാസം 5000 രൂപ വീതം ജീവനാംശം തേടിയാണ് മാതാവ് കോടതിയെ സമീപിച്ചത്.
ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുണ്ടെന്നും മാതാവിന് തുക നല്‍കാനാകില്ലെന്നും മകന്‍ വാദിച്ചു. മല്‍സ്യബന്ധന ബോട്ടില്‍ ജോലി ചെയ്യുന്ന പിതാവിനും കന്നുകാലികളെ വളര്‍ത്തുന്ന മാതാവിനും വരുമാനമുണ്ടെന്ന് വാദം ഉന്നയിച്ചെങ്കിലും കോടതി അത് നിരസിച്ചു.
’60 വയസ്സ് കഴിഞ്ഞ അമ്മ കന്നുകാലികളെ വളര്‍ത്തി ജീവിക്കട്ടേയെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്,’ കോടതി പരാമര്‍ശിച്ചു. മാതാപിതാക്കളെ സംരക്ഷിക്കുക മക്കളുടെ അടിസ്ഥാന ഉത്തരവാദിത്വമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
